ഇന്ന് കമലാ സുരയ്യയുടെ മൂന്നാം ചരമ വാര്‍ഷികം .
മലയാള ഭാഷക്ക് നീര്‍മ്മാതള പൂക്കളുടെ സൌരഭ്യം നഷ്ടമായിട്ട് ഇന്നേക്ക്മൂന്നു വര്‍ഷം തികയുന്നു.ചന്ദന മരങ്ങളുടെ മദഗന്ധം ഇനി മലയാളി വായനക്കാരെ മത്തു പിടിപ്പിക്കില്ല.സ്നേഹിക്കാന്‍ മാത്രം അറിയാമായിരുന്ന ആ നിഷ്കളങ്ക മനസ്സിനേറ്റ കൂരമ്പിന്റെ നീറ്റലില്‍ ഇനിയും വേദനിക്കാന്‍ വയ്യെന്നു പറഞ്ഞ്ആ മുറിവേറ്റ പക്ഷി കൂടൊഴിഞ്ഞ് പറന്നകന്നിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം.ജീവ ശാസ്ത്രപരമായ സ്ത്രീ-പുരുഷാന്തരങ്ങളെ അതിന്റെ പരസ്പര പൂരകത്വത്തിലും,സൌന്ദര്യത്തിലും ആവിഷ്ക്കരിക്കുന്നതില്‍ അവരോളം വിജയിച്ചവര്‍ മലയാളത്തില്‍ വേറെ ഇല്ല.പ്രണയവും,രതിയും,പ്രതി ലൈംഗികതയും സത്യസന്ധതയോടെ ആവിഷ്കരിച്ച് മലയാളിയുടെ സഹജമായ കാപട്യങ്ങളെ പരിഹസിച്ച മലയാളത്തിന്റെ കമലയെ അവഗണിച്ചോ,ആരാധിച്ചോ,അകറ്റി നിര്‍ത്താനും അപദാനങ്ങളുടെ ആഘോഷങ്ങളിലും,പരിഹാസത്തിന്റെ നിന്ദാ സ്തുതികളിലും കഥാപാത്ര വല്‍ക്കരിക്കാനുമാണ് അവര്‍ ജീവിച്ചിരിക്കെ മലയാളി എന്നും ശ്രമിച്ചിട്ടുള്ളത്.
മലയാളത്തിന്റെ സര്‍ഗാത്മക പ്രതിഭാസമായിരുന്ന കമലാ സുരയ്യ അവരുടെ രചനകളിലൂടെ നടത്തിയ യാത്രകളില്‍ പലപ്പോഴും,തരിശു നിലങ്ങളില്‍ പ്രേമത്തിന്റെ വിലാപ കാവ്യം തിരഞ്ഞ് അവര്‍ അസ്വസ്ഥയായി.ചന്ദന മരങ്ങളുടെ മദ ഗന്ധം മലയാളി യാഥാസ്ഥിതികതയുടെ നാലുകെട്ടുകളില്‍ അസ്വസ്ഥത പടര്‍ത്തിയപ്പോള്‍ സ്ത്രീ ലൈംഗികതയുടെ സ്വയം നിര്‍ണയാവകാശം അവരെ ലസ്ബിയന്‍ എന്ന് മുദ്ര കുത്തിച്ചപ്പോള്‍,സ്നേഹം നല്‍കുന്നത് ഒരു പട്ടിയാണെങ്കിലും ഞാന്‍ പിന്നാലെ പോകുമെന്ന് ഉറക്കെ പ്രഖ്യാപിച്ച് മലയാളി വായനയുടെ ആമാശയത്തില്‍ അവര്‍ ദഹനക്കേടുകള്‍ തീര്‍ത്തു.
പ്രണയത്തിലും,ലൈംഗികതയിലും ഫ്യുഡല്‍ മത യാഥാസ്തിക നിലപാടുകളില്‍ നിന്നും അണുവിട മുന്നോട്ടു പോകാന്‍ ഇന്നും കഴിയാത്തൊരു സമൂഹത്തിന് എങ്ങനെയാണ് വിമത ലൈംഗികതയും,പെണ് ഉടലിന്റെ അപാര സാധ്യതകളെ സംബന്ധിക്കുന്ന തുറന്നു പറച്ചിലുകളും,വെച്ച് പൊറുപ്പിക്കാന്‍ ആവുക ? ആണ് പെണ് ബന്ധത്തിലെ ആത്മീയതയും,ഭൌതികതയും,ഒരു പോലെ വിചേദിക്കുകയും, നിലവിലുള്ള രതി ബന്ധങ്ങളില്‍ സംഭവിക്കുന്നത് പുരുഷാധീശതയുടെ പ്രത്യയ ശാസ്ത്ര മണ്ഡലങ്ങളില്‍ പെണ് ശരീരത്തിന്റെയും,വ്യക്തിത്വത്തിന്റെയും നിരാകരണം ആണെന്ന് അവര്‍ തുറന്നടിക്കുകയും ചെയ്തു.പെണ്ണിന്റെ വാക്കിലും,എഴുത്തിലും,അവളുടെ ജീവിതം തിരയുന്ന,സദാചാര പോലീസുകാരുടെ തെറി വിളികള്‍ അവരെ ഒരു കാലത്ത് വല്ലാതെ നോവിച്ചിരുന്നു,എങ്കിലും എല്ലാ എതിര്‍പ്പുകളെയും,ചങ്കുറപ്പിന്റെയും സത്യസന്ധതയുടെയും,കരുത്തുറ്റ വാക്കുകള്‍ കൊണ്ട് അവര്‍ ഒരു ഒറ്റയാള്‍ പട്ടാളമായി നേരിട്ടു.
No comments:
Post a Comment