layout

Wednesday, May 11, 2011

പ്രണയം

പ്രണയം
നഗരത്തില്‍ പോയി മടങ്ങി. പണ്ട് നടന്ന വഴികളിലേക്ക് മനസ്സാ സഞ്ചരിച്ചു. വഴിവക്കില്‍ കരിക്ക് വില്‍ക്കുന്ന കടകള്‍ക്കരികെ നിന്റെ കാല്‍ പാടുകള്‍ ഉണ്ടായിട്ടുണ്ട് എന്നോര്‍ത്തു.
ഞാന്‍ കാണുന്നു, ഒരു ഗ്ലാസ് ട്യുബില്‍ എന്നോണം നിന്നില്‍
പെരുകുന്ന നാളത്തെ.. എന്റെ ഹൃദയം തുടിക്കുന്നു, ഓടിയെത്തി അതത്രയും നുകരാന്‍ ... വെളിച്ചത്തിലേക്ക് പ്രാണിയെന്നോണം ഞാന്‍ ... നീ എന്നെ വിഴുങ്ങിയേക്കുക. എന്നെ വിഴുങ്ങുന്ന നിന്റെ ഉന്മത്തത അനുഭവിച്ചു ഞാന്‍ അവിടെ ഇരുന്നു നീറി കൊള്ളാം. എനിക്ക് അതാണിഷ്ടം.
പാതിരാത്രിയിലും ആ തിളപ്പ്‌.. നിന്റെ വാടിയ നയനം
പ്രണയത്തിന്റെ കനം ഏറ്റെടുക്കുന്നു. ഇടതടവില്ലാത്ത നിന്റെ നിശ്വാസം ഞാന്‍ ഏറ്റു വാങ്ങുകയും.. കണ്ണടച്ച് കിടന്നു അറിയാത്ത ആകാശത്തേക്ക് സഞ്ചാരം. വല്ലാത്തൊരു ഇഷ്ടത്തിന്റെ പിടുത്തത്തില്‍ ഞാനും...
മനസ്സാ കായല്‍ തീരത്ത്‌ ഇരിക്കുന്നു. ആകാശത്തിന്റെ മങ്ങിയ വെട്ടത്തില്‍ തുഴയെറിയുന്ന അജ്ഞാത സഞ്ചാരി.. ഓള കുനുപ്പിലെ തിളക്കം. എന്റെ വെളിച്ചമേ നിനക്കെന്തു സാന്ദ്രത..
നീയെന്നെ വലിക്കുന്നത് ഹൃദയം കൊണ്ടെങ്കിലും വളരെ പതുക്കെ എങ്കിലും എനിക്ക് വേദനിക്കുന്നു. കണ്ണടച്ച് നീ എന്നെ ആകെ ഏറ്റെടുത്തിരിക്കുന്നു. എന്റെ വിരലുകള്‍ ഈ കീ ബോര്‍ഡില്‍ ചലിക്കുന്നു എങ്കിലും ഞാന്‍ ആകെ വിവശനാണ്. എന്റെ പ്രിയേ, നിന്റെതിപ്പോള്‍ ധ്യാനം കലര്‍ന്നൊരു നോട്ടമാണ്. എന്റെ ചങ്കാകെ കലക്കുന്ന നോട്ടം. പ്രണയം പ്രാര്‍ഥനയോടെ എന്നില്‍ പെയ്യുന്നു. നീ പെയ്തുകൊണ്ടേയിരിക്കുക. മനുനമായി ഞാനും നിന്നില്‍ പെയ്യാം. എന്റെ പ്രണയം നിനക്കൊരു സമുദ്രമായി മാറും. നീയതില്‍ മുങ്ങിയെക്കുക...
നിന്റെയീ ചരിഞ്ഞുള്ള നോട്ടം എന്നെ കുത്തി കീറുകയാണ്‌..
ഞാനിന്നു നിന്റെ തടവുകാരനാണ്. നീ എന്നിലേക്ക്‌ ചൊരിയുന്ന പ്രണയത്തിന്റെ തടവുകാരന്‍ ... ഈ തടവിലെക്കാണ് ഇക്കാലമത്രയും ഞാന്‍ നടന്നെത്തിയത്‌... ഇതെനികിഷ്ടവും...
കരിമ്പ്‌ ഇടിച്ചു പിഴിയുന്നത് പോലെയാണോ ഹൃദയം ഹൃദയത്തില്‍ ... അറിയില്ല. എങ്കിലും എന്നില്‍ വല്ലാത്തൊരു തിളപ്പുണ്ട്...
ഇടയ്ക്കു ഞാനോര്‍ത്തു, എന്തിനാണ് ഇതെല്ലാം. പിന്നെ അറിഞ്ഞു, പ്രണയത്തിനു വേണ്ടി നമ്മള്‍ നിമിത്തമാവുന്നു എന്ന്... ശരിയാണോ?
നീയും ഇപ്പോള്‍ എന്തൊക്കെയോ ആയി കൊണ്ടിരിക്കുന്നു. നിനക്ക് പോലും നിശ്ചയമില്ലാത്ത ഒന്ന്...
പറയൂ പ്രണയമേ, സന്ധ്യയില്‍ വാഴ കയ്യില്‍ ഇരുന്നു കുടപ്പനില്‍ നിന്നും തേന്‍ നുകരുന്ന പക്ഷിയെ പോലെയോ നീ പതുക്കെ എന്നില്‍ കൊക്ക് ആഴ്ത്തുന്നത്?
ee pranayathinu oru pakshiyude kurukal ennumundayirikkum. hridayathil oru neriya vedana polathe oru kurukal

അടുത്തു നിന്ന് കേള്‍ക്കും , അകലെയാണെന്ന് തോന്നും... തീയില്‍ പഴുപ്പിച്ച ഇരുമ്പ് വെള്ളത്തില്‍ ചേരുന്ന പോലെ നിന്നെ എന്നില്‍ വയ്ക്കുമ്പോള്‍
കടല്‍ അതിന്റെ അഗാതധയില്‍ ചിപ്പികളെ തഴുകും പോലെ എന്റെ പ്രണയം നിന്നെ.. നീയൊരു മുത്തായി മാറുമ്പോള്‍ നിന്റെ ഉള്ളില്‍ തുടിക്കുന്ന അതിനെ ഞാനെന്നു കരുതട്ടെ...
കുറിക്കാന്‍ ആവാത്ത പ്രണയ വികാരം എന്നില്‍ തിളച്ചു മറിയുന്നു. നീ ചുണ്ട് കടിചിട്ടോ കന്നടചിട്ടോ എന്നിലേക്ക്‌ ഉറ്റു നോക്കുമ്പോള്‍ ഞാനാകെ അക്ഷരങ്ങളില്‍ കലങ്ങി പോകുന്നു...
പ്രണയം എരിയുമ്പോള്‍ കാഴ്ചകള്‍ നഷ്ട്ടപ്പെടുന്നു.പുകമറ സൃഷ്ടിച്ചു പെയ്യുന്ന മഴ പോലെ. അതില്‍ നീയും ഞാനും മാത്രം. ഉടലുകളില്ലാത്ത ആത്മാവിന്റെ നിലയറ്റ ഒഴുക്ക്..
പ്രണയത്തിന്റെ വിഹ്വലമായ പാത നമ്മെ കാത്തു കിടക്കുന്നു. കാഴ്ചക്കപ്പുറത്തെ കിനാവിന്റെ ബോഗികളും. കയറുക, നമുക്ക് പറക്കാം. മേഘമാലകളുടെ നീലിമയിലേക്ക്‌ ഒച്ചയില്ലാതെ ചിറകടിച്ച്... പ്രണയമേ, പ്രനയമാല്ലാതെ മറ്റെന്താണ് എനിക്ക് നിന്നോട്..

No comments:

Post a Comment